07:03am 11 November 2026
NEWS
ഇറാനെതിരെ അമേരിക്ക ഉപയോ​ഗിച്ചത് ലോകത്ത് മറ്റാർക്കുമില്ലാത്ത ആയുധങ്ങൾ
22/06/2025  10:49 AM IST
nila
ഇറാനെതിരെ അമേരിക്ക ഉപയോ​ഗിച്ചത് ലോകത്ത് മറ്റാർക്കുമില്ലാത്ത ആയുധങ്ങൾ

ഇറാനെതിരെ അമേരിക്ക ഉപയോ​ഗിച്ചത് തങ്ങളുടെ ആയുധശേഖരത്തിലെ ഏറ്റവും വിലപിടിപ്പുളളതും പ്രഹരശേഷി കൂടിയതുമായ ആയുധങ്ങൾ. ലോകത്ത് മറ്റൊരു രാജ്യത്തിനും സ്വന്തമാക്കാൻ കഴിയാത്ത ആയുധങ്ങൾ ഉപയോ​ഗിച്ചാണ് അമേരിക്ക ഇറാനിൽ ആക്രമണം നടത്തിയത്. നാല് എൻജിനുകളുള്ള ബി2 സ്റ്റെൽത്ത് വിമാനങ്ങളും  GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകളും ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളുമാണ് അമേരിക്ക ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഉപയോ​ഗിച്ചത്. 

ഇറാൻറെ ഭൂഗർഭ ആണവ കേന്ദ്രമായ ഫോർഡോ ആക്രമിക്കാനായി ആറ് ബി2 സ്റ്റെൽത്ത് വിമാനങ്ങളിലായി 12 GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകളാണ് ഉപയോ​ഗിച്ചത്.  ഇതിനൊപ്പം മറ്റു ആണവ കേന്ദ്രങ്ങളിലേക്ക് 30 ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളും ഉപയോ​ഗിച്ചു. ആക്രമണം നടത്തി ദൗത്യസംഘം സുരക്ഷിത സ്ഥാനങ്ങളിൽ തിരിച്ചെത്തിയ ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് ലോകം ഈ ആക്രമണത്തെ കുറിച്ച് അറിഞ്ഞത്.  

പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും വഹിക്കാൻ ശേഷിയുള്ളവയാണ് ബി2 സ്റ്റെൽത്ത് വിമാനങ്ങൾ. രണ്ട് പേരടങ്ങുന്ന ക്രൂവാണ് വിമാനം പറത്തുന്നത്. 40,000 പൗണ്ട് പേലോഡുള്ള വിമാനം  1989 ലാണ് ആദ്യമായി പറന്നത്. 2001 ൽ അഫ്ഗാനിസ്ഥാനിലും ഈയിടെ ഹൂതികൾക്കെതിരെയും ബി2 ഉപയോഗിച്ചു. യുഎസ് എയർഫോഴ്‌സിൻറെ ആയുധപുരയിൽ ആകെയുള്ളത് 20 ബി-2 വിമാനങ്ങളാണ്. എല്ലാം മിസോറിയിലെ വൈറ്റ്‌മാൻ എയർഫോഴ്‌സ് ബേസ് ആസ്ഥാനത്ത്. ഇതിൽ നിന്നും ആറു വിമാനങ്ങളാണ് ഇറാനിലേക്ക് പറത്തിയത്. ഓരോന്നിനും രണ്ടു ബില്യൺ ഡോളറാണ് വില.  

30,000 പൗണ്ട് അഥവാ 13600 കിലോ ഭാരമുള്ളവയാണ് മാസ്സീവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകൾക്ക്. 30,000 പൗണ്ടിൽ 5.300 പൗണ്ട് സ്ഫോടന വസ്തുക്കളാണ്. 60 മീറ്റർ വരെ താഴത്തിൽ പ്രഹരിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. ഓരോ ബി–ടു വിമാനത്തിനും രണ്ട് ബോംബുകൾ സൂക്ഷിക്കാൻ കഴിയും. ഇങ്ങനെ ആറു വിമാനങ്ങൾ ചേർന്ന് 12 ബോംബുകളാണ് പ്രഹരിച്ചത്. ബോംബുകൾ വികസിപ്പിക്കാനുള്ള ചെലവ് 400–500 മില്യൺ ഡോളറിന് ഇടയിലും നിർമാണ ചെലവ് 3.5 മില്യൺ ഡോളറുമാണ്.

ഇതിനൊപ്പം നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിൽ പ്രയോഗിച്ചത് ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളാണ്. ദീർഘദൂര സബ്സോണിക് ക്രൂയിസ് മിസൈലുകൾ യുഎസ് േനവി വികസിപ്പിച്ചവയാണ്. കരയിൽ നിന്നും സമുദ്രത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന ആദ്യമായി പ്രയോഗിച്ചത് 1991 ലെ ഗൾഫ് യുദ്ധത്തിൽ. ഓരോ മിസൈലിനും രണ്ടു  മില്യൺ ഡോളർ ചെലവ് വരും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img